Sunday, November 27, 2016

ഒഴിവുകൾ കണ്ടെത്താൻ അഡ്. വിജിലൻസ് ഓഫിസ് കയറി പരിശോധന തുടങ്ങി.


സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഒഴിവുള്ള തസ്തികകൾ കണ്ടെത്താൻ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിഭാഗം ഓഫിസ് കയറിയുള്ള പരിശോധന തുടങ്ങി. പലവട്ടം ആവശ്യപ്പെട്ടിട്ടും മിക്ക വകുപ്പുകളും ഒഴിവ് പിഎസ്‌സിയെ അറിയിക്കാതെ ഒളിച്ചുകളി തുടരുന്നതിനാലാണു ചീഫ് സെക്രട്ടറി അധ്യക്ഷനായ നിരീക്ഷണ സമിതി വിജിലൻസിനെ ഇറക്കിയത്. ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടത്തിയ പരിശോധനയിൽ എൽപി അധ്യാപകരുടെ 57 പേരുടെ ഒഴിവുകൾ രഹസ്യമാക്കി വച്ചതു കണ്ടെത്തി. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഇവ കണ്ടെത്തി പിഎസ്‌സിക്കു റിപ്പോർട്ടു ചെയ്യിച്ചത്. ഇതു കാരണം ജോലി ലഭിക്കില്ലെന്ന നിരാശയിൽ കഴിഞ്ഞ 57 പേർക്ക് അവസാന നിമിഷം നിയമന ഉത്തരവു ലഭിച്ചു. ലാബ് ടെക്നിഷ്യൻ തസ്തികയിലേക്കുള്ള നിയമനത്തിന് ഒഴിവുണ്ടോ എന്നു കണ്ടെത്താൻ മെഡിക്കൽ കോളജുകളിൽ പരിശോധന തുടരുകയാണിപ്പോൾ. സർവേയും ഭൂരേഖയും വകുപ്പിലെ തസ്തികകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു തെളിഞ്ഞു. സർവകലാശാല അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒഴിവു കണ്ടെത്താനും പരിശോധന ആരംഭിച്ചിട്ടുണ്ട്.
താൽക്കാലിക ജീവനക്കാരെ നിയമിക്കാനായി മിക്ക വകുപ്പുകളിലെ ഒഴിവുകളും കൃത്യമായി പിഎസ്‍സിയെ അറിയിക്കാതിരിക്കുക കാലങ്ങളായി തുടരുന്ന തന്ത്രമാണ്. ഒഴിവു റിപ്പോർട്ട് ചെയ്യുന്നതു പരമാവധി നീട്ടുകയും ഒടുവിൽ റാങ്ക് ഹോൾഡർമാരിൽ നിന്നു കോഴ വാങ്ങി ഒഴിവുകൾ പിഎസ്‌സിയെ അറിയിക്കാൻ തയാറാകുന്നവരുമുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, വരാൻ പോകുന്ന ഒഴിവുകൾ പോലും മുൻകൂട്ടിക്കണ്ട് പിഎസ്‌സിയെ അറിയിക്കാൻ നിർദേശം നൽകിയെങ്കിലും ഇതു പാലിക്കാത്ത വകുപ്പുകളുണ്ടായിരുന്നു. ഇൗ സർക്കാർ അധികാരമേറ്റ ശേഷവും ഒഴിവുകൾ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ പൂർണമായി ഫലം കണ്ടില്ല. കൃത്യമായ ഒഴിവ് റിപ്പോർട്ടിങ് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി നിയോഗിച്ച സമിതി ഒഴിവറിയിക്കുന്നതിനു പുതിയ മാനദണ്ഡങ്ങൾ അടുത്തിടെ ഏർപ്പെടുത്തിയിരുന്നു. ഓൺലൈനായി ഒഴിവുകൾ അറിയിക്കാനാണു വകുപ്പുകൾക്കു നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഓൺലൈനായി ഒഴിവുകളുടെ വിവരങ്ങൾ നൽകുമ്പോൾ ബോധപൂർവം ചില വിശദാംശങ്ങൾ ഓഫിസ് മേധാവികൾ മറച്ചുവയ്ക്കുന്നുവെന്നാണ് പിഎസ്‍സിയുടെ പരാതി. പൂർണ വിവരം ലഭിച്ചില്ലെങ്കിൽ ഫയൽ മുന്നോട്ടുനീക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണു തങ്ങളെന്നു പിഎസ്‌സി പറയുന്നു.
ഇൗ പ്രതിസന്ധി മറികടക്കാനാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനു കീഴിലെ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിഭാഗത്തിനു മിന്നൽ പരിശോധനയ്ക്കു നിർദേശം നൽകിയത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതു സംബന്ധിച്ചു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനോ ചീഫ് സെക്രട്ടറിക്കോ രേഖാമൂലം ഉദ്യോഗാർഥികൾക്കു പരാതി നൽകാനാകും.ഇൗ പരാതികൾ വിജിലൻസിനു കൈമാറും.

No comments: